Pages

2012, മേയ് 1, ചൊവ്വാഴ്ച

മക്ക (പുരാതന ചരിത്രം

ഇസ്‌ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. അതിപുരാതനകാലം മുതൽ ജനവാസമുണ്ടായിരുന്ന, പൊതുവർഷാരംഭത്തിനു മുൻപ് രണ്ടായിരമാണ്ടിൽ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീരുകയും ചെയ്ത ഈ പ്രദേശം വിവിധ പ്രവാചകരുടെയും രാജാക്കൻമാരുടെയും താവളമായിരുന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. സംരക്ഷണത്തിലെ വീഴ്ച മൂലം പല ചരിത്ര സ്ഥാപനങ്ങളും നാമാവശേഷമായിട്ടുണ്ട്. അതിനാൽ അടുത്ത കാലത്തായി സൗദി ഗവൺമെന്റ് പുരാവസ്തു സംരക്ഷണത്തിനും മക്കാ, മദീന പട്ടണങ്ങളിലെ ചരിത്ര പ്രധാന സ്ഥാപനങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ഒരു പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്..

ബക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന ഗ്രാമം പിന്നീട് മക്ക എന്ന പേരിൽ അറിയപ്പെട്ടു എന്നാണു ചരിത്രകാരനായ ഇബ്‌നു ഖൽദൂൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിൽ സ്ഥലനാമം Mecca എന്നും Makkah എന്നും എഴുതാറുണ്ട്. ബക്ക എന്നത് കഅബയെ സൂചിപ്പിക്കുമ്പോൾ മക്ക എന്നാൽ പട്ടണത്തെയും ഉദ്ദേശിക്കുന്നു എന്നാണ് പ്രമുഖ മുസ്‌ലിം നിയമ വിദഗ്ദ്ധനായ അൽ-നഖായിയുടെ പക്ഷം. മറ്റൊരു ചരിത്രകാരനായ അൽ-സുഹരി വ്യക്തമാക്കുന്നത് ബക്ക എന്നാൽ മസ്ജിദുൽ ഹറമും പവിത്രമായ മക്ക നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ആണ് എന്നാണ്. പൊക്കിൾ തടം എന്നർത്ഥം വരുന്ന ബക്ക എന്ന അറബി വാക്ക് വന്നത് മക്ക ഭൂമിയുടെ കേന്ദ്ര ബിന്ദുവായത് കൊണ്ടാണെന്നും പറയപ്പെടുന്നു. കൂടാതെ മക്ക ഗ്രാമങ്ങളുടെ മാതാവായും (The Mother of Villages) പുകഴത്തപ്പെടുന്നുണ്ട്.. മക്കക്ക് ആ പേരു ലഭിക്കാൻ കാരണം, അത് പാപങ്ങളെ മായ്ച്ച് കളയുന്നതുകൊണ്ട്, ജനങ്ങളെ ആകർഷിക്കുന്നതുകൊണ്ട്, വെള്ളം കുറവായതു കൊണ്ട്, ഭൂമിയുടെ മധ്യത്തിലായതു കൊണ്ട് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങൾ ഇ‌സ്‌ലാം മതപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്....
നാലായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങുന്നതാണ് മക്കയുടെ ചരിത്രം. നാല് ഭാഗവും വരണ്ട കുന്നുകളാൽ ചുറ്റപ്പെട്ട ചെറിയ ഗ്രാമമായിരുന്നു മക്ക. ഇബ്രാഹിം നബി അവരുടെ മകൻ ഇസ്മായിൽ നബിയുടെ സഹായത്തോടെ മരുഭൂമിയിൽ കഅബപുനർ നിർമ്മിക്കുന്നത് മുതൽ തുടങ്ങുന്നു മക്കയുടെ ചരിത്രം. അറേബ്യയിലെ ബാബിലോണിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം. അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ സ്ഥിര ജനവാസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ്. ഇറാഖിൽ നിന്ന് ഇബ്രാഹിം നബി സ്വപുത്രനെയും പത്നിയെയും മക്കയിലെത്തിച്ചു പുതിയ കുടുംബത്തിനസ്ഥിവാരമിടുകയായിരുന്നു. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് ദൈവം വരദാനമെന്നോണം രണ്ടാം ഭാര്യ ഹാജിറയിൽ ഒരു മകനെ നൽകി. മക്കാ മരുഭൂമിയിൽ ഹാജിറയും കുഞ്ഞു ഇസ്മായിലും ഒരിക്കൽ ഒറ്റപ്പെട്ടുപോയി. കുഞ്ഞ് ദാഹിച്ചു കരഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഹാജിറ ദൈവത്തെ ധ്യാനിച്ച് സഫ മർവ എന്നീ കുന്നുകളിലൂടെ ഓടിക്കയറി. കുഞ്ഞിനെ കിടത്തിയ സ്ഥലത്ത് ഒരു ഉറവ പൊട്ടിയൊഴുകുന്നു. അതാണ് സംസം എന്ന ദിവ്യതീർത്ഥം. ഇത് ഇന്നും മക്കയിലെത്തുന്ന തീർത്ഥാടകരുടെ ദാഹം ശമിപ്പിക്കുന്നു. മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ സഫയിൽനിന്ന് മർവയിലേയ്ക്കും തിരിച്ചും ഏഴുതവണ നടക്കുന്നു.ഹാജറയുടെ സഫ-മർവ ഓട്ടം അനുസ്മരിച്ചാണ് ഈ ചടങ്ങ്...


തരിശു ഭൂമിയായിരുന്ന മക്കയിൽ വെച്ച് ഇബ്രാഹിം നബിയുടെ പ്രാർഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ രൂപീകരണത്തിലും സ്ഥാപനത്തിലും നിർണായക പങ്ക് വഹിച്ചതായാണ് ചരിത്രം പറയുന്നത്. മക്കയുടെ പുരാതനമായ പ്രകൃതിയനുസ്മരിച്ചു കൊണ്ട് അതിൽ മനുഷ്യവാസത്തിനും ആകർഷണത്തിനും അനിവാര്യമായ സാഹചര്യ സൃഷ്ടിക്കായി ഇബ്രാഹീം നബി തന്റെ പ്രാർത്ഥനയിൽ ആവശ്യപ്പെടുകയായിരുന്നു. ഒരു തരിശുനിലം ആയതു കൊണ്ട് അവിടം ഒരു താമസസ്ഥലമായി സ്വീകരിക്കുന്നതിന് ആരും തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇബ്രാഹീം നബി മക്കയെ ഒരു ആകർഷക ഭൂമിയായിത്തീരുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യവുമാവശ്യപ്പെട്ടു . സംസമിന്റെ സ്രോതസ്സും ഏറ്റവും കൂടുതൽ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്കാ ദേശം മാറി. ലോകമുസ്ലിംകൾക്ക് പുണ്യതീർഥമായ സംസം, ഇന്നും വറ്റാത്ത നീരുറവയാണ്. നിരന്തരം പമ്പ് ചെയ്തിട്ടും ലോഭമനുഭവപ്പെടാതെ അത് ഇന്നും പ്രവഹിചുകൊണ്ടിരിക്കുന്നു. അതോടൊപ്പം ചരിത്രപ്രധാനവുമാണത്. ഒരു നാടിനെ നഗരമാക്കി ലോകത്തിന്റെ ശ്രദ്ധാബിന്ദുവാക്കി മാറ്റിയതിൽ സംസമിന് പ്രത്യക്ഷമായിത്തന്നെ പങ്കുണ്ട്. സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു. യമനിലെ ജുർഹും ഖബീലക്കാരായ ഒരു യാത്രാ സംഘം മക്കയുടെ പരിസരത്തെത്തിയപ്പോൾ അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള പക്ഷികളുടെ കൂട്ടത്തെ കാണുകയും അതിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു. അവരുടെ അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജറാ ബീവിയും മകൻ ഇസ്മായിലിനെയും കാണുകയും ചെയ്തു. തുടർന്ന് അവർ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി താമസമാക്കി. ഇതോടെ മക്കയിൽ ജനജീവിതത്തിന് തുടക്കമായി...

ഉമ്മുൽ ഖുറാ എന്നും മക്കക്ക് പേരുണ്ട്. പട്ടണങ്ങളുടെ മാതാവ് എന്നാണീ വാക്കിന്റെ അർഥം. ഇവിടെ നിന്നാണ് ലോക നാഗരികത ഉൽഭവിച്ചത് എന്നും അത് കൊണ്ടാണ് ഈ പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു. ആദി മനുഷ്യന്റെ ഗേഹമാണ് മക്ക. ലോകത്ത് ആദ്യത്തെ ആരാധനാ മന്ദിരം സ്ഥാപിക്കപ്പെട്ടത് മക്കയിലാണ്. ഇബ്റാഹീം നബി ഭാര്യ ഹാജറയെയും മകനെയും താമസിപ്പിക്കുവാൻ തിരഞ്ഞെടുത്തത് ഭൂലോകത്തെ ആദ്യ ദൈവ ഭവനത്തിന് സമീപമാണ്. ജലസേചന സൗകര്യം ലഭ്യമായതോടെ നാടോടി വർഗങ്ങൾ അവിടെ കുടിൽകെട്ടി താമസിക്കാൻ തുടങ്ങി. കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട കെട്ടിടം അന്ന് മക്കയിൽ കഅബാ മന്ദിരം മാത്രമായിരുന്നു. കഅബാ മന്ദിരത്തിനു ചുറ്റും വസിക്കുന്നവർ അവിടെ കെട്ടിടം പണിയുന്നത് അതിനോടുള്ള അനാദരവായി കണക്കാക്കി ടെന്റുകളിലും കൂടാരങ്ങളിലുമാണ് താമസിച്ചിരുന്നത്. ഇപ്രകാരം കാലങ്ങളോളം കൂടാരസമുച്ചയങ്ങളുടെ പ്രവിശാലമായ പട്ടണമായിരുന്നു മക്ക. ജുർഹും ഗോത്രക്കാരാണ് ഹാജറയുടെ കുടിലിനു സമീപം ആദ്യമായി താമസമാക്കിയത്. ഈ ഗോത്രത്തിൽപെട്ട പ്രസിദ്ധനായ മുളാളിന്റെ മകളെയാണ് ഇസ്മാഈൽ വിവാഹം കഴിച്ചത്. മക്കയിലെ ദേവാലയമായ കഅബാ മന്ദിരം അലങ്കാരവും പ്രൗഢിയുമില്ലാത്ത, ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. മേൽക്കൂരയോ വാതിൽപൊളിയോ ഒന്നുമില്ലാത്ത ചതുരാകൃതിയിലുള്ള ഒരു നിർമ്മിതി. യൂസഫ് നബി അതിന്റെ മേലധികാരിയായപ്പോൾ അദ്ദേഹം അതിന് ഈന്തപ്പനത്തടി കൊണ്ട് മേൽക്കൂര പാകി. പിന്നീട് വന്ന ഭരണാധികാരികളിൽ ചിലർ ആ കഅബക്ക് സ്വർണം ചാർത്തിയതായും ചരിത്രത്തിലുണ്ട്. യാതൊരു കൃഷിയുമില്ലാത്ത ഈ മലഞ്ചെരുവിൽ, അതിന്റെ ജീർണാവസ്ഥ മാറ്റി പുനരുദ്ധരിക്കുന്ന പ്രവൃത്തി അവർ നിർവഹിച്ചു. അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി. ജനവാസം പുനരാരംഭിച്ചു. നാഗരികത വളർന്നു വികസിച്ചു. ഇബ്റാഹീം നബിയും മകൻ ഇസ്മാഈലും കൂടി ദൈവിക ഭവന(കഅബ)ത്തിന്റെ പുനർനിർമാണം നടത്തി. ഭൂമിശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗത്താണ് മക്ക നില കൊള്ളുന്നത്..അത് കൊണ്ട് തന്നെ ഭൂലോകത്തിന്റെ കേന്ദ്ര ബിന്ദുവാണ് മക്ക... 

6 comments:

ബദര്‍ ദരിസ് നൂറന്‍ പറഞ്ഞു...

:)

insight പറഞ്ഞു...

informative verygood

insight പറഞ്ഞു...

informative thanks

Raihana പറഞ്ഞു...

thanks badre @,insight

Hashiq പറഞ്ഞു...

കൂടുതല്‍ എഴുതൂ ........

Feroze Bin Mohamed പറഞ്ഞു...

very useful posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ